ഡോ. രാജു തോമസ്
ഇസ്‌ലാം സമഗ്രമായ ഒരു ജീവിത പദ്ധതിയും വിമോചന ദര്‍ശനവുമാണെന്ന സത്യം ഇന്ന് ഇസ്‌ലാമിന്റെ എതിരാളികള്‍ പോലും സമ്മതിക്കുന്നു. ആ ഇസ്‌ലാമിന്റെ മലയാളക്കരയിലെ ഔദ്യോഗിക പ്രസിദ്ധീകരണമാണ് പ്രബോധനം വാരിക. ഈ പേരിന്റെ പ്രസക്തിയെക്കുറിച്ച് എത്ര വിവരിച്ചാലും അപഗ്രഥിച്ചാലും അധികമാവില്ല. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഞാന്‍ പ്രബോധനം വാരിക പരിചയപ്പെടുന്നത്, കോഴിക്കോട്ട് വെച്ച്. എന്റെ ഗ്രാമത്തില്‍, ഞാന്‍ ജനിച്ചു വളര്‍ന്ന് 60 വര്‍ഷം പിന്നിട്ട ഗ്രാമത്തില്‍, ഒരിക്കല്‍ പോലും പ്രബോധനത്തിന്റെ ഒരു കോപ്പിയും കാണാനിടയായിരുന്നില്ല. ഒരുപക്ഷേ, പ്രബോധനം കടന്നു ചെന്നിട്ടില്ലാത്ത പല ഗ്രാമങ്ങളും കേരളത്തില്‍ ഉണ്ടാവാം. നാലു പതിറ്റാണ്ടിനു ശേഷമാണല്ലോ എനിക്ക് വാരിക വായിക്കാനായത്. 40 വര്‍ഷം പ്രബോധനത്തെ പരിചയപ്പെടാന്‍ കഴിയാതെ പോയതിന്റെ ഉത്തരവാദിത്വം ആരുടേതായിരിക്കാം? നാല് പതിറ്റാണ്ടുകള്‍ക്കു മുമ്പ്, അതായത്, എനിക്ക് ഇരുപത് വയസ്സ് പ്രായമുളള കാലത്ത്, പ്രബോധനം പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്റെ വ്യക്തി ജീവിതത്തിലും ബൗദ്ധികതലത്തിലും എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കുമായിരുന്നു എന്ന് ഞാനിപ്പോഴാണ് തിരിച്ചറിയുന്നത്.
'മുസ്‌ലിം' എന്നൊക്കെ കുട്ടിക്കാലത്ത് കേള്‍ക്കുമ്പോള്‍ (ഒരൊറ്റ മുസ്‌ലിം പോലും എന്റെ ഗ്രാമത്തിലില്ലായിരുന്നു എന്നോര്‍ക്കണം) തീര്‍ത്തും നിഷേധാത്മക മനോഭാവമാണ് എനിക്കുണ്ടായിരുന്നത്. ഇസ്‌ലാം എന്ന് ഹൈസ്‌കൂള്‍ തലം വരെ കേട്ടിരുന്നതായി ഓര്‍മയില്ല. ജമാഅത്തെ ഇസ്‌ലാമിയെപ്പറ്റി കൂടുതലും അറിയാനിടയായത് മാധ്യമം, പ്രബോധനം”എന്നീ രണ്ട് മലയാള പ്രസിദ്ധീകരണങ്ങളിലൂടെ ആയിരുന്നു. പിന്നീട് ഇംഗ്ലീഷ് ഭാഷയിലുളള റേഡിയന്‍സ് പരിചയപ്പെട്ടു. എന്നാല്‍, മാധ്യമത്തെയും“പ്രബോധനത്തെയും റേഡിയന്‍സിനെയും പരിചയമായതിനുശേഷം ഏതാണ്ട് ഒരു പതിറ്റാണ്ട് കഴിയും വരെ എനിക്ക് കാത്തിരിക്കേണ്ടിവന്നു ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചുണ്ടായിരുന്ന തെറ്റുധാരണയും മുന്‍വിധിയും മാറ്റിയെടുക്കാന്‍. ബിരുദാനന്തര ബിരുദവും കുറേ ദൈവശാസ്ത്രബിരുദങ്ങളും കരസ്ഥമാക്കിയിരുന്ന എന്റെ മനസ്സില്‍ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും നിഷേധാത്മക മനോഭാവമാണ് ആഴത്തില്‍ വേരുന്നിയിരുന്നത്. നമ്മുടെ രാജ്യത്ത് മാധ്യമങ്ങളുടെ ഇസ്‌ലാം വിരുദ്ധത എത്രമാത്രമാണെന്ന് ഇതില്‍നിന്ന് ഊഹിക്കാവുന്നതാണ്. ഈ അന്തരീക്ഷത്തെ മാറ്റിയെടുക്കുന്ന കാര്യത്തില്‍ വലിയ പങ്കുവഹിച്ച കേരളക്കരയിലെ കരുത്തുറ്റ ഒരേയൊരു പ്രസിദ്ധീകരണമാണ് പ്രബോധനം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
ഇസ്‌ലാമിന്റെ സമഗ്രത
രണ്ട് പതിറ്റാണ്ടു കാലത്തെ അനുഭവത്തിലും അന്വേഷണത്തിലും പഠനത്തിലും നിന്ന് എനിക്ക് മനസ്സിലായത് ഇസ്‌ലാമിക ആദര്‍ശത്തെ സമഗ്രമായി അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഒരേയൊരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്നാണ്. കേരളക്കരയില്‍ സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ പ്രബോധനം കേരള സമൂഹത്തെ പൊതുവിലും മുസ്‌ലിം സമുദായത്തെ പ്രത്യേകിച്ചും വളരെയേറെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇസ്‌ലാം ഈ പ്രപഞ്ചത്തിലെ ഒന്നില്‍നിന്നും മനുഷ്യനെ അന്യവല്‍ക്കരിക്കുന്നില്ല. ഇസ്‌ലാമിന് വ്യക്തിജീവിതവും കുടുംബവും സമൂഹവും രാഷ്ട്രീയവും എല്ലാം വെവ്വേറെയാണ് എന്ന വികല അരാജകവാദ വീക്ഷണമല്ല ഉള്ളത്. 'രാഷ്ട്രീയം വേറെ മതവിശ്വാസം വേറെ' എന്ന തെറ്റായ വീക്ഷണം പ്രചരിപ്പിക്കുന്നവരുടെ മതത്തിന്റെ അപര്യാപ്തതയാണ് വെളിവാക്കപ്പെടുന്നത്. തന്നെയുമല്ല, അവരുടെ മതങ്ങള്‍ക്ക് രാഷ്ട്രീയകാര്യങ്ങളില്‍ വ്യക്തവും ശക്തവും നീതിപൂര്‍വകവുമായ യാതൊരു മാര്‍ഗ നിര്‍ദ്ദേശവും നല്‍കാനില്ല എന്നു കൂടി വ്യക്തമാകുന്നുണ്ട്.
ഈ പ്രപഞ്ചം നിലനില്‍ക്കുവോളം അതിലെ സകല ചരാചരങ്ങള്‍ക്കും അനുഗൃഹീതമായ ഒരേയൊരു ആദര്‍ശം 'ഇസ്‌ലാ'മാണ്. മനുഷ്യന് ഈ സത്യം ബോധ്യപ്പെടണം. ആ ദൗത്യത്തില്‍ പ്രബോധനത്തിന്റെ പ്രസക്തി എന്താണെന്നും എത്രമാത്രമാണെന്നും സത്യാന്വേഷികള്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
ദലിത് വിമോചനം
ഇസ്‌ലാമിന്റെ അവതീര്‍ണകാലത്തു തന്നെ ഇസ്‌ലാം ഇന്ത്യയില്‍ എത്തിയിരുന്നുവല്ലോ. എ.ഡി. 629-ല്‍ സ്ഥാപിച്ച തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ് ഇതിന് തെളിവാണ്. എന്നാല്‍ 21-ാം നൂറ്റാണ്ടിലും കേരളക്കരയില്‍ ഏതാണ്ട് 75 ശതമാനവും അമുസ്‌ലിംകള്‍ ആണ്. ഈ അമുസ്‌ലിംകളില്‍ 85 ശതമാനവും ദലിത്-പിന്നാക്ക (ഈഴവ) -ആദിവാസി-വിശ്വകര്‍മ സമുദായങ്ങളില്‍പെട്ട അവര്‍ണ അടിമകളാണെന്നു കൂടി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇവരുടെ അടിമത്താവസ്ഥക്ക് കാരണക്കാര്‍ മുസ്‌ലിംകളല്ലെങ്കില്‍ കൂടി അവരുടെ അവസ്ഥയില്‍നിന്നും അവരെ മാറ്റിയെടുക്കുന്ന ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും ഒരു യഥാര്‍ഥ ഇസ്‌ലാമിക ആദര്‍ശ പ്രസ്ഥാനത്തിന് കഴിയുകയില്ല. തങ്ങള്‍ക്ക് ഭാഗ്യവശാല്‍ ലഭിച്ച വിശ്വാസത്തെ അന്യരില്‍ നിന്ന് മറച്ചുവെക്കുന്നത് അക്ഷന്തവ്യമായ ഒരു കുറ്റമല്ലേ? ആണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (അല്‍ബഖറ). അതുകൊണ്ടുതന്നെ കേരളത്തിലെ ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പ്രബോധനം ഗൗരവത്തോടെ ഏറ്റെടുക്കുകയും അവരുടെ വിമോചനത്തിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യണം. പ്രബോധനം ദലിത് പിന്നാക്ക ജനങ്ങളെ കൂടി അഭിസംബോധന ചെയ്യേണ്ടതുണ്ട്.
കേരളത്തിലെയും ഇന്ത്യയിലെയും ദലിതരുടെ അവസ്ഥയെന്ത്? അവര്‍ തങ്ങള്‍ അടിമകളാണെന്ന് തിരിച്ചറിയുകയും അടിമത്താവസ്ഥയില്‍ തങ്ങള്‍ എത്രമാത്രം അസ്വസ്ഥരാണ് എന്ന് പരിശോധനാ വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. കാര്യം കുറച്ചുകൂടി വ്യക്തമായി വിലയിരുത്തിയാല്‍, ഇന്ത്യയുടെ ആദിമ ജനതയായ ദലിതര്‍ ചരിത്രത്തിന്റെ ഒരു കാലഘട്ടത്തില്‍ ആര്‍ മുഖേന, എന്തു മുഖേന അടിമകളാക്കപ്പെട്ടു എന്ന കാര്യത്തില്‍ വിശദമായ പഠനവും ചര്‍ച്ചയും ബോധവല്‍ക്കരണവും ആവശ്യമാണ്. ദലിതരെ ആര് അടിമകളാക്കി? എങ്ങനെ ദലിതര്‍ അടിമകളാക്കപ്പെട്ടു? ദലിതരുടെ അകക്കാമ്പില്‍ അടിമബോധം (slave consciousness) ആഴത്തില്‍ വേരൂന്നിയ കാര്യത്തില്‍ ഹിന്ദുത്വത്തിനുള്ള സ്വാധീനമെന്ത്? ഈ അടിമബോധം ദലിതരുടെ ആന്തരാത്മാവില്‍ സൃഷ്ടിച്ച മാനസികാവസ്ഥയെന്ത്? എന്നു തുടങ്ങി നൂറ് കണക്കിന് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും അവക്ക് വ്യക്തമായ ഉത്തരങ്ങള്‍ കണ്ടെത്തുകയും വേണം. ഇത്തരത്തിലൊരു ദൗത്യം ഏറ്റെടുക്കുവാന്‍ ദലിത് നേതാക്കളും ബുദ്ധിജീവികളും ചിന്തകന്മാരും എഴുത്തുകാരും അവരോടൊപ്പം തോളോട് തോള്‍ ചേരാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വവും തയാറാകണം. ആ ദൗത്യനിര്‍വഹണത്തില്‍ പ്രബോധനത്തിന്റെ പങ്ക് എന്ത് എന്നുള്ള കാര്യത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും ആവശ്യമാണ്.
ഇസ്‌ലാമിന് ഈ ലോകത്ത് ഒന്നും ആരില്‍നിന്നും മറച്ചുപിടിക്കാനോ മൂടി വെക്കാനോ ഇല്ലെന്നത് ഒരു സനാതന സത്യമാണ്. ഖുര്‍ആന്‍ ഒരു രഹസ്യ ഗ്രന്ഥമല്ല. എല്ലാ മതഗ്രന്ഥങ്ങളെയുംപോലെ ഒരു മത ഗ്രന്ഥമല്ല. ഇസ്‌ലാം ഏറ്റവും ശക്തമായി എതിര്‍ത്തിരുന്നതും ഇന്നും എതിര്‍ക്കുന്നതും അടിമത്തത്തെയാണ്. അടിമത്തം ഒരു മനുഷ്യനും നല്ലതല്ല. അടിമത്തം എല്ലാ സര്‍ഗാത്മതകളെയും നന്മകളെയും നശിപ്പിച്ചുകളയുന്നു. ദലിതരും ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരും ഈ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കണം. ഈ വക കാര്യങ്ങള്‍ കേരള സമൂഹത്തില്‍ വ്യക്തമായി അവതരിപ്പിക്കുന്നതില്‍ പ്രബോധനം വഹിച്ച പങ്ക് അതുല്യമാണ്. പ്രബോധനത്തിന്റെ ആറ് പതിറ്റാണ്ടു കാലത്തെ എല്ലാ ലക്കങ്ങളും സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചുപോവുകയാണ്.
പ്രബോധനത്തില്‍ ഇനിയും ധാരാളം വിഭവങ്ങള്‍ ഉള്‍ക്കൊള്ളിക്കാം എന്ന അഭിപ്രായം എനിക്കുണ്ട്. വിശ്വസ്തരും സത്യസന്ധരും പ്രതിബദ്ധതയുള്ളവരുമായ ദലിതരുടെ ആശയ-അഭിപ്രായ പങ്കാളിത്തം പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും. ദലിതരെ ദലിതാവസ്ഥയിലാക്കിയവരെയും ദലിതരുടെ ശത്രുപക്ഷത്ത് നില്‍ക്കുന്നവരെയും പോലും അകറ്റിനിര്‍ത്താന്‍ പാടില്ല എന്ന അഭിപ്രായമാണെനിക്കുള്ളത്. കാരണം ഇസ്‌ലാം അഭിസംബോധന ചെയ്യുന്നത് മനുഷ്യവംശത്തെയാണല്ലോ.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ''സംഭവമെന്തെന്നാല്‍ ഫറവോന്‍ ഭൂമിയില്‍ നിഗളിക്കുകയും അതിലെ നിവാസികളെ വിവിധ കക്ഷികളായി വിഭജിക്കുകയും ചെയ്തു. അതിലൊരു കക്ഷിയെ നിന്ദിതരാക്കിയിട്ടുണ്ടായിരുന്നു; അവരിലെ ആണ്‍ സന്തതികളെ കൊന്നുകളയുകയും പെണ്‍ സന്തതികളെ ജീവിക്കാന്‍ വിടുകയും ചെയ്തു. സത്യത്തില്‍ അവന്‍ നാശകാരികളില്‍പെട്ടവന്‍ തന്നെ ആയിരുന്നു. പക്ഷേ നാം ഉദ്ദേശിച്ചതോ, ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരാക്കാനും അവെരത്തന്നെ അനന്തരാവകാശികളാക്കാനും അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും അവര്‍ വഴി ഫറവോന്നും ഹാമാന്നും അവരുടെ പടകള്‍ക്കും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അത് തന്നെ കാണിച്ചുകൊടുക്കാനുമത്രെ''”(അല്‍ഖസ്വസ്വ്).
മേല്‍ക്കാണിച്ച ഖുര്‍ആന്‍ സൂക്തം ആശങ്കക്കിടയില്ലാത്തവിധം ഒരു സന്ദേശം നല്‍കുന്നുണ്ട്. ചരിത്രത്തില്‍ അല്ലാഹു എന്നും എല്ലായിടത്തും അടിച്ചമര്‍ത്തപ്പെട്ടവരോടൊപ്പമാണ്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ദലിതര്‍ മൂന്നര സഹസ്രാബ്ദങ്ങളായി അടിമകളായി കഴിയുകയാണ് എന്ന ചരിത്രപരമായ സത്യം പ്രബോധനം ഗൗരവമായിത്തന്നെ കാണണം.
ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്താണെന്നുവെച്ചാല്‍, പ്രബോധനത്തിന്റെ പേജുകളില്‍ സത്യത്തിന് പാതയൊരുക്കുന്ന ധാരാളം വിഷയങ്ങള്‍ ഇനിയും പ്രസിദ്ധീകരിക്കേണ്ടിയിരിക്കുന്നു. വിജ്ഞാനത്തിനുവേണ്ടി ഭൂമിയുടെ ഏതറ്റംവരെയും (ചൈനവരെയും) പോകണമെങ്കില്‍ അതിന് മടികാണിക്കാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിക്കുന്ന ഒരാദര്‍ശത്തിന്റെ പിന്‍ഗാമികളും അനന്തരാവകാശികളുമെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ദലിതരുടെ സമഗ്രപ്രശ്‌നങ്ങളും അവരെ സംബന്ധിക്കുന്ന വിഷയങ്ങളും അവഗണിക്കുവാന്‍ എന്തുണ്ട് ന്യായം? മുഴുവന്‍ മനുഷ്യവംശത്തെയും അവരുടെ പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യാനും അവയ്ക്ക് പരിഹാരം നിര്‍ദേശിക്കാനും ഇസ്‌ലാം കല്‍പിക്കുമ്പോള്‍ നാം എന്തിന് മടിച്ചുനില്‍ക്കണം? ആരെ ഭയപ്പെടണം?
പ്രബോധനം
2009 അറുപതാം വാര്‍ഷികപ്പതിപ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ