ഇന്ത്യയില്‍ മുസ്‌ലിംകളുടെ മീഡിയാ പ്രതിനിധാനം പരിതാപകരമാണ്; ഇതിനേക്കാള്‍ കഷ്ടമാണ് മീഡിയാ ഉടമസ്ഥതയില്‍ അവര്‍ക്കുള്ള ഓഹരി. മീഡിയക്ക് മേല്‍ മുസ്‌ലിംകള്‍ക്ക് പ്രസ്താവ്യമായ യാതൊരു പിടുത്തവും ഇല്ല എന്നതാണ് സത്യം. വടക്കേ ഇന്ത്യയില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള നിരവധി ഉര്‍ദു പത്രങ്ങള്‍ ക്രമേണ അടച്ചുപൂട്ടുകയോ അവയുടെ പ്രചാരം ഗണ്യമായി കുറയുകയോ ചെയ്തു... ടിവി ചാനലല്‍ ഉടമസ്ഥതയും മുസ്‌ലിംകള്‍ക്ക് ഇനിയും ഉണ്ടായിവന്നിട്ടുവേണം... നിലവില്‍ അവരുടെ ഉടമസ്ഥതയിലുള്ള ഒന്നോ രണ്ടോ ടിവി ചാനലുകള്‍തന്നെ അവയുടെ സമയത്തിന്റെ കൂടിയ പങ്കും മതവിഷയങ്ങള്‍ക്കാണ് നീക്കിവെക്കുന്നത്; സമുദായം നേരിടുന്ന സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ അവ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ല'' (നിഗര്‍ അത്വാഉല്ല, 'ഇന്ത്യന്‍ മുസ്‌ലിംകളും മീഡിയയും'). ഇസ്‌ലാമിക് വോയ്‌സിന്റെ അസോസിയേറ്റ് എഡിറ്റര്‍ നടത്തിയ ഈ വിലയിരുത്തല്‍ ഇന്ത്യന്‍ മുസ്‌ലിം മീഡിയയെ സംബന്ധിച്ച് നൂറുശതമാനം ശരിയാണ്.
അച്ചടി മാധ്യമ രംഗത്ത് മുസ്‌ലിം പ്രസിന് ബ്രിട്ടീഷ്‌വിരുദ്ധ സമരത്തിന്റെ ആരംഭകാലത്ത് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഉര്‍ദു പ്രസ് വഹിച്ച പങ്ക് വളരെ നിര്‍ണായകമായിരുന്നു. Sayyedþul Akhbar, Delhi Urdu Akhbar എന്നിവ ഓര്‍മിക്കപ്പെടേണ്ട സംഭാവനകളാണ് നല്‍കിയത്. പിന്നീട് ബ്രിട്ടീഷ്‌വിരുദ്ധ പ്രക്ഷോഭം പല കാരണങ്ങളാല്‍ പടിപടിയായി രണ്ടായി വേര്‍പിരിഞ്ഞു. കോണ്‍ഗ്രസും മുസ്‌ലിം രാഷ്ട്രീയവുമായാണ് വേര്‍തിരിക്കപ്പെട്ടത്. ഇന്ത്യാ വിഭജനത്തോടെ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണം ഇന്ത്യയില്‍ ശക്തമായി. ജിന്ന സ്ഥാപിച്ച ഡോണ്‍ ഉള്‍പ്പടെയുള്ള പത്രങ്ങള്‍ പുതുതായി രൂപവത്കരിക്കപ്പെട്ട പാകിസ്താനിലേക്ക് പ്രവര്‍ത്തനം മാറ്റി. ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും ആവിഷ്‌കരിക്കാന്‍ ഇന്ത്യയില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് പത്രങ്ങളോ ശക്തമായ ഭാഷാ പത്രങ്ങളോ അവശേഷിച്ചില്ലെന്നതാണ് സത്യം. ഇന്ത്യാ വിഭജനം ബ്രിട്ടന്‍ ആസൂത്രണം ചെയ്തതും അവിഭക്ത ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം സമ്പന്ന വിഭാഗത്തെയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഉപയോഗിച്ച് നടത്തിയതുമാണെന്ന് ശക്തമായ തെളിവുകളോടെ പല സാമ്പത്തിക രാഷ്ട്രീയ പ്രതിഭകളും ചരിത്ര വസ്തുതകളുടെ പിന്‍ബലത്തില്‍ തെളിയിച്ചിട്ടുണ്ട്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ബ്രിട്ടന്‍ വളര്‍ത്തിയെടുത്ത സമ്പന്ന ഹിന്ദു മുതലാളിമാരുടെ താല്‍പര്യമായിരുന്നു മുസ്‌ലിം സമ്പന്ന വ്യവസായികളുടെയും രാഷ്ട്രീയത്തിന്റെയും സമ്മര്‍ദമില്ലാത്തവരുടേതായ ഒരു ഇന്ത്യ. തിരിച്ച് ജിന്നക്ക് പിന്നില്‍ ബ്രിട്ടീഷ് താല്‍പര്യത്തോടെ അണിനിരന്ന മുസ്‌ലിം സമ്പന്നര്‍ക്കും ഇതേ കാഴ്ചപ്പാട് തന്നെയായിരുന്നു. ചുരുക്കത്തില്‍ സമ്പന്നരല്ലാത്ത, നിരക്ഷരരും രാഷ്ട്രീയ അഗതികളുമായി മാറിയ മുസ്‌ലിംകള്‍ ഇന്ത്യയില്‍ പ്രത്യേക രീതിയില്‍ അഭയാര്‍ഥികളാക്കപ്പെട്ടു. മുസ്‌ലിംകളും ഇന്ത്യന്‍ പ്രസും എന്ന ലേഖനത്തില്‍ കുല്‍ദീപ് നയാര്‍ ഇക്കാര്യം ഇങ്ങനെ ചൂണ്ടിക്കാട്ടി: വിഭജനത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ അനുഭവിച്ച കെടുതികള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ ഇന്ത്യന്‍ പത്രങ്ങള്‍, ഉര്‍ദു പത്രങ്ങള്‍ വരെ പരാജയപ്പെട്ടു. മൗലാനാ അബുല്‍ കലാം ആസാദ് ഇന്ത്യാ വിഭജനത്തെ എതിര്‍ത്ത് ചൂണ്ടിക്കാട്ടിയത്, വ്യവസായത്തിലും വിദ്യാഭ്യാസത്തിലും സമ്പദ് വ്യവസ്ഥയിലും അഭിപ്രായ രൂപവത്കരണ മേഖലകളിലും പിന്തള്ളപ്പെട്ട മുസ്‌ലിംകളെ ആയിരിക്കും അത് ഇന്ത്യയില്‍ അവശേഷിപ്പിക്കുക എന്നതായിരുന്നു. ആസാദിന്റെ വിലയിരുത്തല്‍ ശരിവെക്കുന്നതായിരുന്നു വിഭജനാനന്തര അവസ്ഥയെന്നാണ് കുല്‍ദീപ് നയാര്‍ പറഞ്ഞത്.
പ്രതിദിന പ്രചാരത്തിന്റെ ഏഴ് ശതമാനത്തിലധികം നിയന്ത്രിച്ചിരുന്ന ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍ അംഗങ്ങളായ പത്രങ്ങളുടെ ഉടമസ്ഥതയിലെ 1993 -ലെ അവസ്ഥയെക്കുറിച്ച് റോബിന്‍ ജഫ്രി വിലയിരുത്തിയതും ഇത് ശരിവെക്കുന്നതായിരുന്നു. 21 ദിനപത്രങ്ങളുടെ (ഇംഗ്ലീഷ് പത്രങ്ങളും ഭാഷാ പത്രങ്ങളും ഉള്‍പ്പടെ) ഈ ഉടമസ്ഥതാ ലിസ്റ്റില്‍ ഒരു പത്രം പോലും മുസ്‌ലിം ഉടമസ്ഥതയിലുള്ളതല്ല. കുടുംബ നിയന്ത്രണത്തിലുള്ളതും മുതലാളിമാരുടെ നിയന്ത്രണത്തിലുള്ളതുമായ ഈ പത്രങ്ങളില്‍ ഭൂരിഭാഗവും സവര്‍ണരുടെ നിയന്ത്രണത്തിലുള്ളതായിരുന്നു. ഇതില്‍ ചില പത്രങ്ങള്‍ ബ്രിട്ടീഷ്‌വിരുദ്ധ സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ടതാണെങ്കിലും '47-ന് ശേഷം ഇതിന്റെ സ്വഭാവത്തില്‍ മാറ്റം വന്നു. പുതുതായി അധികാരത്തിലേറിയ കോണ്‍ഗ്രസിന്റെയും ഇതര കേന്ദ്ര സര്‍ക്കാറുകളുടെയും ജിഹ്വയായി ഈ കുടുംബ-വ്യാപാര-കച്ചവട ഉടമസ്ഥതയിലുള്ള സവര്‍ണ പത്രങ്ങള്‍ മാറി. ഇന്ത്യയിലെ ഇംഗ്ലീഷ് പത്രങ്ങളുടെയും ഭാഷാ പത്രങ്ങളുടെയും ചാനലുകളുടെയും ഉടമസ്ഥതയില്‍ മുസ്‌ലിംകള്‍ക്ക് ഒരു പങ്കുമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്.
ഇതേ പുസ്തകത്തില്‍ തന്നെ റോബിന്‍ ജഫ്രി ദലിത് പത്രപ്രവര്‍ത്തകരുടെ അവസ്ഥയും ചൂണ്ടിക്കാട്ടുന്നുണ്ട്. 20 കോടി വരുന്ന ദലിതരെ ഇന്ത്യന്‍ പത്രങ്ങളില്‍ ആരെങ്കിലും പ്രതിനിധീകരിക്കുന്നുണ്ടോ എന്നായിരുന്നു ജഫ്രി അന്വേഷിച്ചത്. ദലിത് എഡിറ്റര്‍മാരോ ദലിത് ഉടമസ്ഥതയിലുള്ള പത്രങ്ങളോ ഇല്ലെന്നാണ് കണ്ടെത്താനായത്. എവിടെയെങ്കിലും ദലിത് പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ അവ മുഖ്യധാരക്ക് പുറത്താണ്. എന്നാല്‍ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളുടെ പത്ര ഉടമസ്ഥതയിലെയും പത്രപ്രവര്‍ത്തകരിലെയും പങ്കാളിത്തം ജഫ്രി അന്വേഷിച്ചില്ല. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ 15 ശതമാനത്തിലേറെ വരുന്ന മുസ്‌ലിംകളുടെ മാധ്യമ രംഗത്തെ പങ്കാളിത്തത്തെക്കുറിച്ച് ഗൗരവമായ ഒരു അന്വേഷണവും നടന്നിട്ടില്ല.
രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക അഭിപ്രായ രൂപവത്കരണമാണല്ലോ മീഡിയയുടെ ഉല്‍പന്നം. മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി പോലും തങ്ങളുടെ റിപ്പോര്‍ട്ടില്‍ മീഡിയാ രംഗത്തെ മുസ്‌ലിം പിന്നാക്കാവസ്ഥ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടില്ല. ഉദ്യോഗ രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും പിന്നാക്കാവസ്ഥ പുറത്തുകൊണ്ടുവരാനും രാഷ്ട്രീയ- ഭരണ വേദികളിലെ പിന്നാക്കാവസ്ഥയെക്കുറിച്ച് ചില സൂചനകള്‍ നല്‍കാനും കഴിഞ്ഞ റിപ്പോര്‍ട്ട് പുതിയ നൂറ്റാണ്ടില്‍ രാഷ്ട്രീയത്തെയും സാമൂഹിക വ്യവസ്ഥയെയും അധികാരത്തെയും അഭിപ്രായ രൂപവത്കരണത്തിലൂടെ നിയന്ത്രിക്കുന്ന മാധ്യമ രംഗത്തെ മുസ്‌ലിം പങ്കാളിത്തത്തെക്കുറിച്ച് നിശബ്ദത പുലര്‍ത്തുകയാണ് ചെയ്തത്.
ഇന്ത്യ വിഭജിക്കപ്പെടുകയും ഇന്ത്യയില്‍ തുടര്‍ന്ന മുസ്‌ലിംകള്‍ സാമൂഹിക മേഖലയില്‍ പിന്തള്ളപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ നിന്നുവേണം ആലോചനകള്‍ ആരംഭിക്കാന്‍. സമ്പന്ന വിഭാഗത്തില്‍പെട്ട ഇന്ത്യന്‍ മുസ്‌ലിംകള്‍ വിഭജനത്തിനു ശേഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് നിന്നു. അതുവഴി ലഭിച്ച സ്ഥാനമാനങ്ങള്‍ വ്യക്തിഗതമായി ഉപയോഗപ്പെടുത്തി. പല മുസ്‌ലിം സംഘടനകളും കോണ്‍ഗ്രസിന്റെ അനുബന്ധം പോലെ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുക മാത്രമാണ് മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ തുടരാനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്ന് പ്രചരിപ്പിക്കപ്പെട്ടു. ഭൂരിഭാഗം മുസ്‌ലിംകളും കോണ്‍ഗ്രസിനൊപ്പം നിന്നിട്ടും മുസ്‌ലിംകളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ഒരു ഭരണ നടപടിയും കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തില്ല. '80-കളില്‍ ബി.ജെ.പി രൂപവത്കരിക്കും വരെ പലപ്പോഴും ആര്‍.എസ്.എസിന്റെ കൂടി പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കാളികളോ അല്ലെങ്കില്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുകയോ ചെയ്ത മുസ്‌ലിംവിരുദ്ധ കലാപങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ലാക്കോടെ സംഘടിപ്പിക്കപ്പെട്ടു. ഇതിനെല്ലാം ഇന്ത്യയിലെ ഇംഗ്ലീഷ്-ഭാഷാ പത്രങ്ങളുടെ നിര്‍ലോഭമായ പിന്തുണയുണ്ടായിരുന്നു.
അടിയന്തരാവസ്ഥക്ക് ശേഷമാണ് മാധ്യമങ്ങളുടെ ഉടമസ്ഥതയില്‍ മാറ്റം വന്നില്ലെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. മനുഷ്യാവകാശത്തെക്കുറിച്ചും ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ചുമുള്ള പുതുബോധം ഉയര്‍ന്നുവരാന്‍ തുടങ്ങി. മുസ്‌ലിം സമുദായം സ്വയമേവ വിദ്യാഭ്യാസ രംഗത്ത് ആര്‍ജിച്ച മുന്നേറ്റം പത്രപാരായണത്തിലേക്കും രാഷ്ട്രീയത്തിലേക്കും കൂടുതല്‍ ശ്രദ്ധ സമുദായം കേന്ദ്രീകരിക്കുന്നതിന് വഴിയൊരുക്കി. ലോക രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളും ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങളും ഇതിന് വേഗതയേറ്റി.
1989-ല്‍ One Nation Chronicle എന്ന ഇംഗ്ലീഷ് വീക്‌ലി മുസ്‌ലിംകള്‍ ആരംഭിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും Nation and the World എന്ന് അത് പുനര്‍നാമകരണം ചെയ്തു. എന്നാല്‍, മുസ്‌ലിംകളില്‍ എന്തെങ്കിലും സ്വാധീനം ഉണ്ടാക്കാന്‍ ഇതിന് കഴിഞ്ഞില്ല. '83-ല്‍ സയ്യിദ് ശഹാബുദ്ദീന്‍ മുസ്‌ലിം ഇന്ത്യ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. 2000-ത്തില്‍ The Milli Gazette സ്ഥാപിക്കപ്പെട്ടു. ഈ പ്രസിദ്ധീകരണങ്ങളെ മുസ്‌ലിം സമുദായത്തെക്കുറിച്ച് പഠനം നടത്തുന്നവരും ജേര്‍ണലിസ്റ്റുകളും ഗൗരവമായി സമീപിച്ചെങ്കിലും പൊതു സമൂഹത്തെയോ മുസ്‌ലിം സമുദായത്തെയോ നിര്‍ണായകമായി സ്വാധീനിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്താന്‍ കഴിയുക.
'80-കള്‍ക്ക് ശേഷം ഇന്ത്യയില്‍ വര്‍ഗീയ ചേരിതിരിവ് ശക്തമായി. ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് അമേരിക്ക ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ ആധിപത്യം നേടാനുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നത്. '90-കളോടെ ലോക-ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ കൂടുതല്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ടു. ഈ വെല്ലുവിളികള്‍ വസ്തുനിഷ്ഠമായി പൊതു സമൂഹത്തിന് മുന്നിലെത്തിക്കാനും അഭിപ്രായ രൂപവത്കരണം നടത്താനും ഇന്ത്യന്‍ മുസ്‌ലിം മീഡിയ ഒരു രീതിയിലും വിജയിച്ചിട്ടില്ല. വ്യക്തമായ കാഴ്ചപ്പാടോടു കൂടി രൂപവത്കരിക്കപ്പെട്ട, പ്രഫഷനല്‍ ആയ, മുസ്‌ലിം ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെയും ആഴത്തില്‍ പഠനം നടത്തി വസ്തുതകളുടെ പിന്‍ബലത്തില്‍ വിഷയം അവതരിപ്പിക്കാന്‍ ശേഷിയുള്ള മുസ്‌ലിം മാധ്യമ പ്രവര്‍ത്തകരുടെയും അഭാവമാണ് ഇതിന് പ്രധാന കാരണം. സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും എന്തിന് രാഷ്ട്രീയത്തില്‍ പോലും '80-കള്‍ക്ക് ശേഷം മുസ്‌ലിം സമുദായം നേടിയ കുതിച്ചുചാട്ടം മാധ്യമ മേഖലയുടെ വികാസത്തിനുവേണ്ടി ഉപയോഗിക്കാനുള്ള കാഴ്ചപ്പാടിന്റെ അഭാവം തന്നെയാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ടുതന്നെ മുസ്‌ലിംവിരുദ്ധ രാഷ്ട്രീയ-സാമൂഹിക നിലപാടുള്ള മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിലപിച്ച് കഴിച്ചുകൂട്ടേണ്ട അവസ്ഥയാണ് മുസ്‌ലിംകളെ സംബന്ധിച്ച് മീഡിയാ രംഗത്തുള്ളത്. ദല്‍ഹിയിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമോ ആര്‍.എസ്.എസ് നടത്തുന്ന വര്‍ഗീയ അതിക്രമങ്ങളോ ഗുജറാത്തില്‍ സംഘ്പരിവാര്‍ നടത്തിയ വംശഹത്യയോ പുറത്തുകൊണ്ടുവരാനും അഭിപ്രായ രൂപവത്കരണം നടത്താനും നിലവിലെ മുസ്‌ലിം മീഡിയക്ക് കഴിയാതെ പോയി. മനുഷ്യാവകാശ-ന്യൂനപക്ഷ സംരക്ഷണം പുതിയ കാലഘട്ടത്തില്‍ അടിയന്തരാവശ്യമാണെന്ന് മനസ്സിലാക്കിയ മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമാണ് മുസ്‌ലിം മീഡിയ വഹിക്കേണ്ട റോള്‍ വഹിച്ചതെന്നതും ശ്രദ്ധേയമാണ്.
മലയാള പത്രപ്രവര്‍ത്തനത്തില്‍ മുസ്‌ലിം മീഡിയയുടെ പങ്ക്
മലയാള പത്രങ്ങളുടെ തുടക്കം മതബോധനവുമായി ബന്ധപ്പെട്ടായിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാരാണ് മലയാള പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പെട്ട ക്രിസ്ത്യാനികളും വൈദികരുമാണ് ആദ്യകാല മലയാള പത്രങ്ങള്‍ നടത്തിയിരുന്നത്. അവര്‍ തങ്ങളുടെ പത്രങ്ങളില്‍ മറ്റു മതങ്ങളെ വിമര്‍ശിച്ചിരുന്നു. ഒപ്പം കത്തോലിക്കാ സഭയെയും ശക്തമായി വിമര്‍ശിച്ചു. കത്തോലിക്കാ സഭക്ക് എതിരായ വിമര്‍ശങ്ങള്‍ക്കെതിരെ പ്രൊട്ടസ്റ്റന്റുകാര്‍ക്ക് മറുപടി നല്‍കാനാണ് കത്തോലിക്കാ സഭ പത്രം ആരംഭിച്ചത്. ക്രിസ്തുമത പ്രചാരണവും ക്രൈസ്തവ സമുദായ സമുദ്ധാരണവുമായിരുന്നു 1887-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച നസ്രാണി ദീപികയുടെ പ്രഖ്യാപിത ലക്ഷ്യം. ദീപികയുടെയും സത്യനാഥത്തിന്റെയും പാത പിന്തുടര്‍ന്ന് ക്രിസ്തുമത സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നിരവധി പത്ര മാസികകളാണ് സ്ഥാപിക്കപ്പെട്ടത്. ഇവ ക്രിസ്തുമതത്തെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം മറ്റു മതങ്ങളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടി നല്‍കാന്‍ ഹിന്ദുക്കള്‍ ആരംഭിച്ച പത്രങ്ങളാണ് ആര്യസിദ്ധാന്ത ചന്ദ്രിക, ശ്രീരാമകൃഷ്ണ മിഷന്റെ പ്രബുദ്ധ കേരളം എന്നിവ. ഇവ വേദ ഉപനിഷത്തുക്കളും ഇതിഹാസങ്ങളും പ്രസിദ്ധീകരിക്കുന്നതിനായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. ഇതിന്റെ പിന്നാലെ മുസ്‌ലിം പണ്ഡിതരും പത്രങ്ങളുമായി രംഗത്തുവന്നു. കേരള ദീപകം, മുസ്‌ലിം, അല്‍-ഇസ്‌ലാം, അല്‍-ഇര്‍ഷാദ്, അല്‍-ഇസ്‌ലാഹ് എന്നിവയായിരുന്നു ഈ പ്രസിദ്ധീകരണങ്ങള്‍. 1878-ല്‍ കൊച്ചിയില്‍നിന്ന് പ്രസിദ്ധീകരിച്ച കേരള ദീപകമാണ് മുസ്‌ലിംകള്‍ പ്രസിദ്ധീകരിച്ച പ്രഥമ പത്രം. വിവിധ മത വിഭാഗങ്ങള്‍ മതബോധനത്തിന് ഊന്നല്‍ കൊടുത്തതാണ് മലയാള പത്രങ്ങളുടെ ഉത്ഭവത്തിനും വ്യാപനത്തിനും വഴിയൊരുക്കിയതെന്ന് ഇതെല്ലാം തെളിയിക്കുന്നു.
മതബോധനമായിരുന്നു ആദ്യ ലക്ഷ്യമെങ്കിലും ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളില്‍പെട്ട പുതിയ തലമുറ കുറച്ചുകൂടി പ്രഫഷണലായി അച്ചടി മാധ്യമ രംഗത്തേക്ക് പ്രവേശിച്ചതാണ് പിന്നീട് കാണുന്ന ചിത്രം. ആധുനിക വിദ്യാഭ്യാസം നേടുകയും പൊതുസമൂഹത്തെ ആകെ അഭിസംബോധന ചെയ്തുകൊണ്ട് സമൂഹത്തിലാകെ സ്വാധീനം ഉറപ്പിച്ച് തന്ത്രപരമായി സമുദായ താല്‍പര്യം സംരക്ഷിക്കുകയെന്ന നിലാപാടാണ് ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ പത്ര പ്രവര്‍ത്തന രംഗത്ത് സ്വീകരിച്ചത്. ഈ കാഴ്ചപ്പാട് നേരത്തെ തന്നെ മുന്നോട്ടുവെച്ച പ്രഗത്ഭമതിയായിരുന്നു വക്കം മുഹമ്മദ് അബ്ദുല്‍ഖാദര്‍ മൗലവി. രാജവാഴ്ചയെയും അതിന്റെ തിന്മകളെയും ശക്തമായി വിമര്‍ശിച്ച് ഒരു ജനാധിപത്യ സമൂഹം രൂപവത്കരിക്കാനും ഇതിന്റെ ഫലമായി മൊത്തം സമൂഹത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ക്കൊപ്പം മുസ്‌ലിംകളും ഉന്നമനം നേടുക എന്നതായിരുന്നു വക്കം മൗലവിയുടെ കാഴ്ചപ്പാട്. സ്വദേശാഭിമാനി സര്‍ സി.പി നിരോധിക്കുകയും പത്രാധിപര്‍ രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തതോടെ ഈ ലക്ഷ്യം പാതിവഴിയില്‍ അവസാനിച്ചു.
എന്നാല്‍, മലയാള മനോരമയും മാതൃഭൂമിയും പ്രഫഷണലായി സമൂഹത്തിലെ പുതിയ വെല്ലുവിളികളെ ഒരു പരിധിവരെ നേരിടുകയും വളര്‍ച്ച നേടുകയും ചെയ്തു, പല തിരിച്ചടികളും നേരിട്ടുകൊണ്ടാണെങ്കിലും. യാക്കോബായ സഭയുടെ (ഓര്‍ത്തഡോക്‌സ്) സ്ഥലവും സൗകര്യവും പിന്തുണയും നേടിക്കൊണ്ടായിരുന്നു മലയാള മനോരമ അതിന്റെ ആദ്യ ഘട്ടത്തിലെ മുന്നേറ്റം നടത്തിയത്. നായര്‍ വിഭാഗങ്ങളും പിന്നീട് ഈഴവ സമ്പന്നരും ആയിരുന്നു മാതൃഭൂമിയുടെ പിന്‍ബലം. ഈ പുതിയ രീതിയിലുള്ള പത്രപ്രവര്‍ത്തന രംഗത്ത് വിജയം നേടിയ പിന്നാക്ക വിഭാഗ പത്രം കേരള കൗമുദി മാത്രമായിരുന്നു. നായര്‍-ഈഴവ ലഹളയെ തുടര്‍ന്നാണ് കേരള കൗമുദി ആരംഭിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ പൊതുസമൂഹത്തെ അഭിസംബോധന ചെയ്യുക വഴി ആദ്യ ഘട്ടത്തില്‍ വന്‍ വളര്‍ച്ചയാണ് കേരള കൗമുദി നേടിയത്. മുസ്‌ലിം മാനേജ്‌മെന്റിന് കീഴില്‍ അല്‍-അമീന്‍ ആദ്യ ഘട്ടത്തില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കിയെങ്കിലും നിരോധവും തുടര്‍ന്നുണ്ടായ സംഭവങ്ങളും അതിന്റെ പുതിയ രീതിയിലുള്ള വളര്‍ച്ച തടഞ്ഞു. ചന്ദ്രികക്കാകട്ടെ മുസ്‌ലിം സമുദായ അതിര്‍വരമ്പ് ഭേദിക്കാന്‍ കഴിഞ്ഞതുമില്ല.
ഈ പശ്ചാത്തലത്തില്‍ വേണം മുസ്‌ലിം സമുദായവും വര്‍ത്തമാന പത്രങ്ങളും നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍. 1947 ആഗസ്റ്റ് 15-ന് ശേഷം മുസ്‌ലിം സമുദായം ഇന്ത്യയിലാകെ പുതിയ രീതിയിലുള്ള വെല്ലുവിളികള്‍ നേരിട്ടു. ബ്രിട്ടീഷ് അധിനിവേശ കാലത്ത് സാമ്രാജ്യത്വം സൃഷ്ടിച്ച വര്‍ഗീയ ഭിന്നതയും പിന്നീട് അവര്‍ തന്നെ വളര്‍ത്തിയെടുത്ത് നടപ്പാക്കിയ ഇന്ത്യാ വിഭജനവും മുസ്‌ലിം സമുദായത്തിന് കനത്ത ആഘാതമേല്‍പിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ ഭരണ നിര്‍വഹണ രംഗത്തും ഇതര നയരൂപവത്കരണ മേഖലകളിലും ജനസംഖ്യാനുപാതികമോ അതില്‍ ഏറെയോ പങ്കാളിത്തമുണ്ടായിരുന്ന മുസ്‌ലിം സമുദായത്തിന് പെട്ടെന്ന് തന്നെ ഈ പങ്കാളിത്തം നഷ്ടപ്പെട്ടു. ഒപ്പം ഇന്ത്യാ വിഭജനത്തിന്റെ പാപഭാരം ഏകപക്ഷീയമായി സമുദായത്തിന് മേല്‍ അടിച്ചേല്‍പിക്കപ്പെട്ടു.
വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും നയരൂപവത്കരണ മേഖലയിലും ഏറ്റ തിരിച്ചടി അച്ചടി മാധ്യമ രംഗത്ത് മുസ്‌ലിം സമുദായത്തിന് വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കുന്നതിന് തടസമായി. വര്‍ഗീയ കലാപങ്ങള്‍ പടരുകയും ഭരണകൂടവും ഹിന്ദുത്വ ശക്തികളും മുസ്‌ലിം സമുദായത്തെ ആക്രമിക്കുകയും ചെയ്‌തെങ്കിലും കോണ്‍ഗ്രസ്സിന്റെ പിന്നാലെ ഇഴഞ്ഞ് ദുരിതം ഏറ്റുവാങ്ങുക മാത്രമാണ് സമുദായം ചെയ്തത്. ഇതിനൊരു മാറ്റമുണ്ടാകുന്നത് അടിയന്തരാവസ്ഥക്ക് ശേഷമാണ്. അടിയന്തരാവസ്ഥ അടിച്ചമര്‍ത്തലിനൊപ്പം മനുഷ്യാവകാശങ്ങളെക്കുറിച്ച വിശാല കാഴ്ചപ്പാടും സമൂഹത്തിന് നല്‍കി. അടിയന്തരാവസ്ഥക്ക് ശേഷം മുസ്‌ലിം സമുദായത്തിന് നേരെ നടന്ന അതിക്രമങ്ങള്‍ പതുക്കെ വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ തുടങ്ങി.
കേരളത്തിലാകട്ടെ മുസ്‌ലിം ലീഗായിരുന്നു 1980-കള്‍ വരെ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ലീഗ് പല പ്രാവശ്യം ഭരണ പങ്കാളിത്തം നേടുകയും സാമൂഹിക അംഗീകാരം നേടുകയും ചെയ്‌തെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ മുസ്‌ലിം സമുദായത്തിന് ലഭ്യമായില്ല. ഇതിനിടെ തുറക്കപ്പെട്ട ഗള്‍ഫ് തൊഴില്‍ സാധ്യതകളും ആധുനിക വിദ്യാഭ്യാസ രംഗത്ത് കേരള മുസ്‌ലിംകള്‍ നേടിയെടുത്ത അസ്തിത്വവും ലോക വിഷയങ്ങളില്‍ പ്രകടിപ്പിച്ച താല്‍പര്യവും കേരളത്തില്‍ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ മുസ്‌ലിം സമുദായത്തെ പ്രേരിപ്പിച്ചു. മത വിഷയങ്ങളും സാമൂഹിക വിഷയങ്ങളും ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. '80-കളുടെ അവസാനം സംവരണ പ്രശ്‌നത്തില്‍ ഇന്ത്യന്‍ സമൂഹം ചേരിതിരിഞ്ഞപ്പോള്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ സ്വീകരിച്ച സംവരണ വിരുദ്ധ നിലപാട്, മുസ്‌ലിം സമുദായത്തിനും ഇസ്‌ലാമിനും നേരെ ആരംഭിച്ച തെറ്റായ പ്രചാരണങ്ങള്‍, ശരീഅത്തിനെതിരെ ഉയര്‍ന്ന വെല്ലുവിളികള്‍, ബാബ്‌രി മസ്ജിദ് വിവാദം എന്നിവയും, ഇറാഖിനെതിരായ അമേരിക്കന്‍ അധിനിവേശവും, ഇതിന് പിന്നാലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതും മുസ്‌ലിം സമുദായത്തില്‍ സൃഷ്ടിച്ച ചലനങ്ങള്‍ ഉയര്‍ന്ന മാധ്യമ ബോധത്തിന് രൂപം കൊടുത്തു.
അതുവരെ ഖുര്‍ആന്‍ പരിഭാഷയെച്ചൊല്ലിയും ഹദീസുകളെച്ചൊല്ലിയും നമസ്‌കാരത്തിന്റെ ക്രമങ്ങളെച്ചൊല്ലിയും നടന്നുവന്ന ആശയ സമരത്തില്‍ നിന്ന് വിവിധ മുസ്‌ലിം സംഘടനകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങള്‍ക്ക് സാമൂഹിക വിഷയങ്ങള്‍ നിര്‍ബന്ധമായും അഭിമുഖീകരിക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളുടെ ഹിന്ദുത്വ ചായ്‌വും മുസ്‌ലിം മാധ്യമ പ്രവര്‍ത്തകരുടെ എണ്ണക്കുറവും പറഞ്ഞിരുന്നിട്ട് കാര്യമില്ലാത്ത സാഹചര്യമാണ് മുസ്‌ലിംകളെ സംബന്ധിച്ച് രൂപംകൊണ്ടത്. കൃത്യമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും എന്നാല്‍, മുസ്‌ലിം-ദലിത്-പിന്നാക്ക അവഗണന മുഖമുദ്രയാക്കുകയും പൊതുസമൂഹത്തിന് വേണ്ടിയെന്ന് ആണയിടുകയും ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങളെ മാറ്റിയെടുക്കുക അസാധ്യമാണെന്ന് മുസ്‌ലിം ബുദ്ധിജീവികള്‍ തിരിച്ചറിഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ സാര്‍വദേശീയ-ദേശീയ-സംസ്ഥാന സാഹചര്യങ്ങളില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുകയും ഒപ്പം പൊതുസമൂഹത്തെയാകെ അഭിസംബോധന ചെയ്യുന്ന പ്രഫഷണല്‍ പത്രങ്ങളുടെയും മാധ്യമ പ്രവര്‍ത്തനത്തിന്റെയും അടിയന്തരാവശ്യം അവര്‍ മനസ്സിലാക്കി. '80-കള്‍ക്ക് ശേഷം തുടക്കം കുറിക്കുകയും '90 -കള്‍ക്ക് ശേഷം ശക്തമാവുകയും ചെയ്ത കേരളത്തിലെ മാധ്യമ രംഗത്തെ മുസ്‌ലിം സാന്നിധ്യം വൈകിയാണെങ്കിലും ഈയൊരു സാഹചര്യത്തിലാണ് രൂപംകൊണ്ടത്.
ഇതില്‍ ഇതര മത-സാമൂഹിക വിഭാഗങ്ങളുടെ മാധ്യമ പങ്കാളിത്തവും മുസ്‌ലിംകളുടെ മാധ്യമ പങ്കാളിത്തവും ഇനിയും വേര്‍തിരിച്ച് വിലയിരുത്തപ്പെടേണ്ടതാണ്. സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ മേഖലയിലും ഉന്നമനം നേടിയ ശേഷവും മാധ്യമ രംഗത്ത് സജീവ സ്വാധീനം ഉറപ്പിക്കാന്‍ മുസ്‌ലിം സമുദായത്തിന് കഴിയാതെ പോയതിന്റെ, അല്ലെങ്കില്‍ താല്‍പര്യരാഹിത്യത്തിന്റെ പ്രശ്‌നങ്ങളാണ് പഠനവിധേയമാക്കേണ്ടത്.
അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വം നടത്തുന്ന പുത്തന്‍ അധിനിവേശ കാലത്താണ് നാം ജീവിക്കുന്നത്. ഇതിന്റെ ചലനങ്ങള്‍ ഏറ്റവും പെട്ടെന്ന് അലയടിക്കുന്ന സമൂഹമാണ് കേരളം. അമേരിക്കയുടെ ഗള്‍ഫ് ആക്രമണം, അമേരിക്കന്‍ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി ഇന്ത്യന്‍ ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക-രാഷ്ട്രീയ നയങ്ങള്‍ എന്നിവക്കെതിരെ ഭൂരിപക്ഷം ജനങ്ങളും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സമൂഹമാണിത്. ബാബ്‌രി മസ്ജിദ് തകര്‍ത്തതിനോടും ഗുജറാത്തിലെ ഹിന്ദുത്വ വര്‍ഗീയതയുടെ അതിക്രമങ്ങളോടും ശക്തമായാണ് കേരളം പ്രതികരിച്ചത്. ഇത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. '80 -കളുടെ അവസാനം മുസ്‌ലിം സമുദായം ആധുനിക കാഴ്ചപ്പാടോടെ മാധ്യമ രംഗത്തേക്ക് പ്രവേശിക്കുമ്പോഴുള്ള ലോക-ഇന്ത്യന്‍-കേരള സാഹചര്യങ്ങളല്ല ഇന്ന് നിലവിലുള്ളത്. ശരീഅത്തിനെതിരായ വിമര്‍ശത്തിന് മറുപടി കൊടുക്കുക, സംവരണ പ്രശ്‌നത്തില്‍ നിലപാട് അരക്കിട്ടുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കേരളത്തിലെ ആധുനിക മുസ്‌ലിം മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ആയിരുന്നതെങ്കില്‍ ഇന്നത്തെ വെല്ലുവിളി കൂടുതല്‍ ഗുരുതരമാണ്.
ദീര്‍ഘകാലം കേരളത്തിലെ മുസ്‌ലിം മാധ്യമ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്നത് മുസ്‌ലിം ലീഗിന്റെ ഉടമസ്ഥതയില്‍ പ്രസിദ്ധീകരിച്ച ചന്ദ്രിക ദിനപത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു. പാര്‍ട്ടിക്ക് ഒരു പത്രം വേണമെന്നതിനുപരി മുസ്‌ലിം സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യക്തതയോടെ ദീര്‍ഘകാല കാഴ്ചപ്പാടില്‍ ഉന്നയിക്കുന്നതിന് ചന്ദ്രികക്ക് കഴിഞ്ഞില്ല. മുസ്‌ലിം ലീഗ് പലപ്പോഴും കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയുടെ ഘടകകക്ഷിയായിരുന്നു. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന്റെ നയങ്ങള്‍ പലപ്പോഴും മുസ്‌ലിം വിരുദ്ധമായിരുന്നു. കേരളത്തിലെ ഘടകകക്ഷിയെന്ന നിലയില്‍ അതുകൊണ്ടുതന്നെ അഖിലേന്ത്യാ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ചന്ദ്രികക്ക് താല്‍പര്യമുണ്ടായില്ല. '80-കള്‍ക്ക് ശേഷം അമേരിക്കന്‍ സാമ്രാജ്യത്വം ഗള്‍ഫ് രാജ്യങ്ങളെയും ഇസ്‌ലാമിനെയും കേന്ദ്രീകരിച്ചപ്പോള്‍ ഇന്ത്യ അതിനൊപ്പം നില്‍ക്കുന്ന പ്രവണതയാണ് പ്രകടിപ്പിച്ചത്. ഇതിനെയും രാഷ്ട്രീയ അടിമത്തത്തിന്റെ പേരില്‍ വിമര്‍ശിക്കാന്‍ ചന്ദ്രികക്കായില്ല. ബാബ്‌റി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മുതല്‍ ആണവ, ആസിയാന്‍ കരാറുകളില്‍ വരെ ചന്ദ്രികയുടെ ഈ രാഷ്ട്രീയ അടിമത്തം പ്രകടമാണ്.
ചന്ദ്രിക വേണ്ട രീതിയില്‍ ചുമതല നിര്‍വഹിക്കാതിരിക്കുകയും മുസ്‌ലിം സമുദായത്തിനെതിരായ കടന്നാക്രമണം ആശയ തലത്തിലും ഭൗതിക തലത്തിലും ശക്തമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് മാധ്യമം ദിനപത്രം സ്ഥാപിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഒരു വില കുറഞ്ഞ അടവെന്ന രീതിയില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ശരീഅത്തിനെ വിമര്‍ശിച്ചു. ഈ സാഹചര്യത്തിലാണ് മാധ്യമം രൂപവത്കരിക്കപ്പെടുന്നത്. ഇ.എം.എസിന്റേതു പോലുള്ള മുസ്‌ലിം സമുദായത്തിനെതിരായ വിമര്‍ശനങ്ങളെ, ഇസ്‌ലാമിനെതിരായ ആശയ ആക്രമണങ്ങളെ പ്രതിരോധിക്കുകയായിരുന്നു മാധ്യമത്തിന്റെ ഒരു ലക്ഷ്യമെന്ന് വേണമെങ്കില്‍ പറയാം. '80-കളുടെ അവസാനം മാറിയ ലോക-ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുസ്‌ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം നിര്‍ണായകമായിരുന്നു. സംവരണ വിരുദ്ധ പ്രക്ഷോഭം, ബി.ജെ.പിയുടെ അധികാര ആരോഹണം, ബാബ്‌രി മസ്ജിദ് തകര്‍ക്കല്‍, ഗള്‍ഫിലെ അമേരിക്കന്‍ അധിനിവേശം, ഒന്നിന് പിറകേ ഒന്നായി ആരംഭിച്ച വര്‍ഗീയ കലാപങ്ങള്‍.... എല്ലാം മാധ്യമം ആരംഭിച്ചപ്പോള്‍ ഇല്ലാതിരുന്ന പുതിയ വെല്ലുവിളികളായിരുന്നു. സോവിയറ്റ് ചേരിയുടെ തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്വം ഏക ശക്തിയായി മാറുകയും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ അതിന് വഴങ്ങുകയും ചെയ്തത് സവിശേഷമായ രാഷ്ട്രീയ അന്തരീക്ഷമാണ് ലോകത്തും ഇന്ത്യയിലും കേരളത്തിലും സൃഷ്ടിച്ചത്.
മാധ്യമത്തിന്റെ കടന്നുവരവും മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും ഇതര പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും അത് നടത്തിയ വ്യക്തതയോട് കൂടിയ ഇടപെടലും കേരളത്തിലെ മാധ്യമ രംഗത്തെ സ്വാധീനിച്ചു. മുസ്‌ലിം സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ ദലിതരും ആദിവാസികളും നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവക്കൊപ്പം ആഗോളീകരണവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഉയരുന്ന പുതിയ വികസനത്തിന്റെയും പരിസ്ഥിതിയുടെയും ചൂഷണത്തിന്റെയും പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെന്ന് മാധ്യമം തെളിയിച്ചു. ഇത് ഇതര മാധ്യമങ്ങളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഒരു ഉദാഹരണമാണ് ഗള്‍ഫിലെ അമേരിക്കന്‍ ഇടപെടലിനോടും ഇസ്രയേലിനോടുമുള്ള സമീപനത്തില്‍ മലയാള മനോരമക്ക് സംഭവിച്ച മാറ്റം. കേരളത്തിലെ മുസ്‌ലിംകള്‍ പുതിയ സാഹചര്യത്തില്‍ വാങ്ങല്‍ ശേഷി കൂടിയവരും വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ ഉള്ളവരുമാണെന്ന തിരിച്ചറിവ്, ഒപ്പം വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍, മാധ്യമം പോലുള്ളൊരു പത്രം ഉന്നയിക്കുന്ന രാഷ്ട്രീയം.... ഇതെല്ലാം ഗള്‍ഫ് കടന്നാക്രമണത്തില്‍ അമേരിക്കക്ക് എതിരായ ഒരു വാര്‍ത്താശൈലി സ്വീകരിക്കുന്നതിനും ഇസ്രയേലിനോടുള്ള അന്ധമായ പിന്തുണയില്‍ മാറ്റം വരുത്തുന്നതിനും മനോരമ പോലുള്ളൊരു പത്രത്തെ നിര്‍ബന്ധിതമാക്കി. ആഗോളീകരണവുമായി ബന്ധപ്പെട്ട വികസനത്തോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ മാധ്യമം ഉയര്‍ത്തുന്ന നിലപാട് അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പരിസ്ഥിതി സംരക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ മാധ്യമം ചെലുത്തിയ സ്വാധീനം നിര്‍ണായകമായി തുടരുന്നു.
മാധ്യമത്തിന്റെ ചുവടുപിടിച്ച് വര്‍ത്തമാനം, തേജസ് തുടങ്ങിയ ദിനപത്രങ്ങള്‍ മുസ്‌ലിം ഉടമസ്ഥതയില്‍ പുറത്തുവന്നു. നേരത്തെയുണ്ടായിരുന്ന സിറാജ് പോലുള്ള പത്രങ്ങളുടെ വാര്‍ത്താ വിന്യാസ, അവതരണ രീതികളില്‍ മാറ്റം വന്നു. ചന്ദ്രിക പോലും മാറാന്‍ ശ്രമിക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടു. മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ പലതും മാധ്യമം അവതരിപ്പിച്ച സമീപനങ്ങളും അവതരണ ശൈലികളും വിന്യാസ രീതികളും പിന്തുടരുന്നതാണ് ഇന്നത്തെ കാഴ്ച.
അതേസമയം ഈ അവസ്ഥക്ക് ഒരു മറുപുറം കൂടി ഉണ്ടെന്ന് കാണാതിരിക്കാന്‍ വയ്യ. നേരത്തെ മലയാള മനോരമ അതിന്റെ സര്‍ക്കുലേഷനുമായി ബന്ധപ്പെട്ട് നിലപാടുകളില്‍ വരുത്തിയെന്ന് തോന്നിപ്പിച്ച മാറ്റം മാതൃഭൂമിയും ചില കാര്യങ്ങളിലെല്ലാം സ്വീകരിച്ചു. 26 ശതമാനം വരുന്ന കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ ഇതര വിഭാഗങ്ങളുമായി കൈകോര്‍ത്ത് ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നതിന് നേതൃത്വം കൊടുക്കേണ്ട, പ്രഫഷനലായ, ഒരു തന്ത്രപരമായ നിലപാട് ഇപ്പോഴും മുസ്‌ലിം മാധ്യമങ്ങള്‍ കൈവരിച്ച് കഴിഞ്ഞുവെന്ന് പറയാനാകില്ല. ഇത്തരമൊരു സ്വാധീന ശക്തി കേരളത്തില്‍ വളര്‍ത്തിയെടുക്കുന്നത് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ നിര്‍ണായകമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ന്യൂനപക്ഷ പൊളിറ്റിക്‌സിനെ പല രീതിയില്‍ കേരളം സ്വാധീനിക്കുന്ന സാഹചര്യത്തില്‍.
'80-കളില്‍ ലോകത്ത് ഒരു അമേരിക്കന്‍ ചേരിയും അതിനെതിരെ പേരില്‍ ഒരു സോഷ്യലിസ്റ്റ് ചേരിയും നിലനിന്നിരുന്നു. ഇന്ത്യയിലാകട്ടെ ഹിന്ദുത്വ പക്ഷത്തേക്ക് ചായുന്ന കോണ്‍ഗ്രസ് ചേരിയും അതിനെതിരായ മതേതര ചേരിയും ഉണ്ടായിരുന്നു. കേരളത്തിലാകട്ടെ മതേതരത്വവും നന്മയില്‍ അധിഷ്ഠിതമായ സാമൂഹിക ബോധവും കുറച്ചുകൂടി ശക്തമായിരുന്നു. ഇതിനെല്ലാം മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. അമേരിക്കന്‍ ചേരിയുടെ മുന്‍കൈയില്‍ ലോകത്തെ കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമാണ്. ഇന്ത്യയിലാകട്ടെ ഹിന്ദു വര്‍ഗീയത ഇതിനിടെ അധികാരത്തിലേറി. കേരളത്തിന്റെ പഴയ സാമൂഹിക മൂല്യങ്ങള്‍ അതിവേഗം തകരുന്നു. ചുരുക്കത്തില്‍ മുസ്‌ലിം മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ കടുത്ത വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും ആവശ്യപ്പെടുന്നു.
ഇസ്‌ലാമിനെക്കുറിച്ചോ അതിന്റെ ആഭ്യന്തര പ്രശ്‌നങ്ങളേക്കുറിച്ചോ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അതില്‍ ആധിപത്യം നേടുകയും ചെയ്യുന്ന ആശയ സമരം വേണ്ടെന്നല്ല. അത് മുസ്‌ലിം സമുദായത്തിന് അകത്ത് വിതരണം ചെയ്യപ്പെടുന്ന പ്രസിദ്ധീകരണങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെടണം. പുതിയ കാലം ആവശ്യപ്പെടുന്ന ജനകീയ ഐക്യത്തിനും സാമൂഹിക മാറ്റത്തിനും ഉതകുന്ന പത്രപ്രവര്‍ത്തന ശൈലി ആവിഷ്‌കരിക്കപ്പെടണം. അറബി-മലയാളം പത്രമായിരുന്ന ഹിദായത്തുല്‍ ഇഖ്‌വാന്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ ദീനി വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും പ്രചരിപ്പിക്കാനും ബ്രിട്ടീഷ്‌വിരുദ്ധ കലാപങ്ങളില്‍ നിന്ന് മാറിനില്‍ക്കാനുമാണ് ഉത്‌ബോധിപ്പിച്ചിരുന്നതെങ്കില്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാട് ഊട്ടിയുറപ്പിക്കപ്പെടുന്നതായിരിക്കണം പുതിയ മാധ്യമ പ്രവര്‍ത്തനം.
ഇന്ത്യയിലെ, കേരളത്തിലെ മുസ്‌ലിം പിന്നാക്കാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഒരു സച്ചാര്‍ കമ്മിറ്റി വേണ്ടി വന്നു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ നിജസ്ഥിതി പുറത്ത് കൊണ്ടുവരാന്‍ നിലവിലുള്ള ഭരണകൂട സംവിധാനത്തിന്റെ ഭാഗമായ ഒരു മജിസ്‌ട്രേറ്റ് വേണ്ടിവന്നു. ഇത് മുസ്‌ലിം മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിമിതികള്‍ പുറത്തുകൊണ്ടുവരുന്ന ഒന്നാണ്. മറ്റൊന്ന് മുസ്‌ലിംകള്‍ മാത്രമല്ല പിന്നാക്കാവസ്ഥയും അവഗണനയും ദുരിതവും നേരിടുന്നതെന്നാണ്. ദലിതുകള്‍, ആദിവാസികള്‍, മറ്റ് മനുഷ്യര്‍. ഇവരുടെ പ്രശ്‌നങ്ങള്‍ കൂടി കണ്ണിചേര്‍ത്ത് കൊണ്ട് വേണം സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള മാധ്യമ പ്രവര്‍ത്തനം മുന്നോട്ട് പോകാന്‍. സമൂഹത്തിന്റെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ സവിശേഷ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ തന്നെ നല്‍കണം. പൊതുസമൂഹത്തെ ആകെ അഭിസംബോധന ചെയ്തുകൊണ്ടും മുസ്‌ലിം സമുദായത്തിന്റെയും ഇതര ദുര്‍ബല സമുദായങ്ങളുടെയും പ്രശ്‌നങ്ങള്‍ വ്യക്തതയോടെ അവതരിപ്പിച്ച് കൊണ്ടും മുന്നോട്ട് പോകുന്ന ഒന്നായിരിക്കണം അത്. അത്തരം ഒരു ഐക്യമുന്നണി മതേതരത്വവും ജനാധിപത്യവും ഉറപ്പുവരുത്തുന്നതായിരിക്കുമെന്നതില്‍ സംശയമില്ല. ഇന്നത്തെ ലോക സാഹചര്യത്തില്‍ മെച്ചപ്പെട്ട ഒരു താല്‍ക്കാലിക സാമൂഹിക സംവിധാനമെന്ന രീതിയില്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും തന്ത്രപരമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മാധ്യമ സമീപനം ശരിയായ ദിശയില്‍ രൂപപ്പെടുത്തുകയാണ് മുസ്‌ലിം മാധ്യമ രംഗം അടിയന്തരമായി ചെയ്യേണ്ടത്. മുന്‍കാല ചരിത്രങ്ങളും പരിമിതികളും തിരുത്തപ്പെടുന്നുവെന്നത് തന്നെ ഇത്തരമൊരു നിലപാട് ശരിവെക്കുന്നു. ഈ ദിശയില്‍ അടിയന്തരമായി എത്രത്തോളം മുന്നാക്കം പോകുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും പൊതു സമൂഹത്തില്‍ മുസ്‌ലിം മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാവി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ